08 February, 2024 11:24:13 AM
പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടന്നത് നേമം സ്വദേശിക്കു വേണ്ടി; പ്രതികള്‍ക്കായി തിരച്ചിൽ
തിരുവനന്തപുരം: പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിൽ ബുധനാഴ്ച നടന്ന പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടന്നത് നേമം സ്വദേശിക്കു വേണ്ടിയെന്ന് കണ്ടെത്തൽ. നേമം സ്വദേശിയും ആൾമാറാട്ടം നടത്തിയ ആളും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ കർശനമാക്കിയിട്ടുണ്ട്.
ഇന്നലെ നടന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കും. ബയോമെട്രിക് പരിശേധനയും നടത്തും. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകെ ഓടിയെത്തിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെടുകയായിരുന്നു.