03 December, 2024 05:21:01 PM


ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ



തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനന്ദ്രേിയത്തില്‍ മുറിവേല്‍പ്പിച്ച് ആയ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും എതിരെ പോക്സോ ചുമത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതിയിലാണ് നടപടി.

വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചത്. മറ്റു രണ്ടുപേരും ഇക്കാര്യം മറച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിലെ മുറിവ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി. പിന്നീട് തൈക്കാട് ആശുപത്രിയില്‍ കുട്ടിയെ പരിശോധനയ്ക്കു വിധേയയാക്കി. മ്യൂസിയം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കുഞ്ഞിനെ പരിചരിച്ചിരുന്ന ആയമാരെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുറിവുകള്‍ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു. സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K