28 November, 2024 12:04:21 PM


സന്ധ്യാ സമയത്ത് ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിറകിലൂടെയെത്തി കടന്നുപിടിക്കുന്ന യുവാവ് അറസ്റ്റില്‍



തൃശൂര്‍: സന്ധ്യാസമയത്ത് ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്നയാള്‍ കൊടകര പൊലീസിന്റെ പിടിയിലായി. പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂര്‍കുന്ന് സ്വദേശി പത്തമടക്കാരന്‍ വീട്ടില്‍ ഷനാസ് (31) ആണ് പിടിയിലായത്. മറ്റത്തൂര്‍കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം എന്നിവിടങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ബൈക്കില്‍ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്‌കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പിന്നിലൂടെയെത്തി കടന്നുപിടിച്ച് ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി. 

പെട്ടെന്നുള്ള ആക്രമണത്തില്‍ സ്ത്രീകള്‍ ഭയപ്പെടുകയും സ്‌കൂട്ടറില്‍നിന്നും മറ്റും മറിഞ്ഞു വീഴുന്നതും പതിവായിരുന്നു. മറ്റത്തൂര്‍കുന്ന് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വഴിവിളക്കില്ലാത്ത ഇടങ്ങളിലും ഇയാളെ പിടികൂടാന്‍ പോലീസ് നിരീക്ഷണം നടത്തിയിരുന്നു. ഒന്നര കൊല്ലമായി സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ ഇയാള്‍ ഭീതി പരത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

പല സ്ത്രീകളും പുറത്ത് പറയാന്‍ മടിയുള്ളതിനാല്‍ പരാതികളുമായി സ്റ്റേഷനില്‍ എത്തിയിരുന്നില്ല. എന്നാല്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ നിരവധി സ്ത്രീകൾ ദുരനുഭവം തുറന്നുപറഞ്ഞു. വൈകുന്നേരം സമയങ്ങളില്‍ മഫ്തിയില്‍ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.

ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സി.ഐ. പി.കെ. ദാസ്, എസ്.ഐമാരായ വി.പി. അരിസ്റ്റോട്ടില്‍, ഇ.എ. സുരേഷ്, എ.എസ്.ഐമാരായ സജു പൗലോസ്,  ആഷ്‌ലിന്‍ ജോണ്‍ എന്നിവര്‍ ഉണ്ടായിരുന്നു. പിടിയിലായ ഷനാസിന് സമാനസംഭവത്തില്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K