28 November, 2024 09:27:09 AM


കാറിടിച്ച് വീഴ്ത്തി; സ്വർണ വ്യാപാരിയിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു



കോഴിക്കോട്: സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നതായി പരാതി. കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം കവർന്നത്.

രാത്രി 10.30 ന് മുത്തമ്പലത്തു വച്ചാണ് സംഭവമുണ്ടായത്. ആഭരണ നിർമാണശാലയിൽ നിന്ന് തന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു ബൈജു. തുടർന്ന് പിന്തുടർന്നെത്തിയ കാറിലെത്തിയ സംഘം ബൈജുവിന്റെ സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി. കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ബൈജു പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K