26 November, 2024 06:33:02 PM


ബംഗളൂരുവിൽ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന മലയാളിക്കായി തിരച്ചില്‍



ബംഗളൂരു: ബംഗളൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആണ്‍സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ആരവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഇന്നു രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. കഴിഞ്ഞ 23 നാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കുന്നത്. ഇന്നലെ വൈകീട്ട് ആരവ് പുറത്തേക്ക് പോയിരുന്നു. രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴുത്തു ഞെരിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തിന് പഴക്കമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മായ ഗൊഗോയി ഒരു വ്‌ലോഗര്‍ കൂടിയാണ്. രക്ഷപ്പെട്ട സുഹൃത്ത് ആരവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K