12 March, 2024 05:07:07 PM


പൗർണമിക്കാവിലെ ആദിവാസി മാംഗല്യത്തിനായി ഗോത്രപൂജകൾ തുടങ്ങി



തിരുവനന്തപുരം: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി നടത്തുന്ന ആദിവാസി സമൂഹ മാംഗല്യത്തിനുള്ള ഗോത്ര പൂജകൾ ആരംഭിച്ചു. വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിലാണ് 25 ന് ആദിവാസി സമൂഹ മാംഗല്യം നടക്കുന്നത്. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 206 യുവതീ യുവാക്കളുടെ സമൂഹ മാംഗല്യമാണ് നടക്കുന്നത്. ആദിവാസികൾ സാധാരണ കല്യാണങ്ങൾ രജിസ്റ്റർ ചെയ്യാറില്ല. അവരുടെ ഗോത്രാചാര പ്രകാരമാണ് മാംഗല്യം നടത്തുന്നത്. പ്രകൃതിയേയും പഞ്ചഭൂതങ്ങളെയും സാക്ഷിയാക്കി നടത്തുന്ന ഗോത്രാചാരങ്ങളാണ് അവരുടെ വിശ്വാസ്യത. പൗർണമിക്കാവിൽ നടക്കുന്ന സമൂഹ ആദിവാസി മാംഗല്യത്തിന് മുന്നോടിയായാണ് അവരവരുടെ ഗോത്രങ്ങളിൽ പൂജകൾ തുടങ്ങിയത്. അതിനു ശേഷം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യും.

പൗർണമിക്കാവിൽ കഴിഞ്ഞ വർഷം നടന്ന പ്രപഞ്ചയാഗത്തിൽ ഈശ്വരീയ ശക്തികൾ പറഞ്ഞതനുസരിച്ചാണ് ഈ ആദിവാസി സമൂഹ മാംഗല്യം നടത്തുന്നത്. പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിനുള്ള തുടക്കവും അന്ന് ആരംഭിക്കും. ഐ.എസ്. ആർ. ഒ. മുൻ ചെയർമാൻ ഡോ. മാധവൻ നായരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട പദ്ധതികൾ നടപ്പിലാക്കുന്നത്. വെങ്ങാനൂർ പഞ്ചായത്ത്‌ മുതൽ യുണൈറ്റഡ് നേഷൻസ് വരെ പൗർണമിക്കാവിലൂടെ പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡോ. മാധവൻ നായർ അറിയിച്ചു.

പ്രപഞ്ചമാതാവായ പൗർണമിക്കാവിലെ ആദിവാസി സമൂഹ മാംഗല്യത്തിന് കാർമ്മികത്വം വഹിക്കുന്നത് അഘോരി സന്യാസിയായ കൈലാസപുരി സ്വാമിയാണ്. കാടിനെയും നാടിനെയും സംരക്ഷിക്കുന്നതിന്‍റെ മുന്നോടിയായി നടക്കുന്ന ആദിവാസി മാംഗല്യത്തിന് ഇന്ത്യയിലെ പ്രശസ്തമായ മഠങ്ങളിലേയും മഠാധിപതികളും ആത്മീയാചാര്യന്മാരും പങ്കെടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K