04 April, 2024 11:34:08 AM


'പാർട്ടിയിൽ നിന്നുള്ള മാനസിക പീഡനം'; പഞ്ചായത്ത് വൈസ് പ്രസിഡന്‍റടക്കം ബിജെപി അംഗങ്ങൾ രാജിവെച്ചു



ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തായ കരവാരത്ത്, പാർട്ടിയിലെ സ്ത്രീകൾക്ക് നേരെയുള്ള സമീപനത്തിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയും രാജിവെച്ചു. വൈസ് പ്രസിഡന്റ് എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.തങ്കമണി എന്നിവരാണ് ബുധനാഴ്ച പഞ്ചായത്തംഗത്വം രാജിവെച്ചത്. പാർട്ടി വിട്ട ഇവർ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

അംഗങ്ങളുടെ രാജി സ്വീകരിച്ചതായും വിവരം വരണാധികാരിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചതായും സെക്രട്ടറി അറിയിച്ചു. ആകെ 18 വാർഡുകളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒമ്പതും സിപിഐഎമ്മിന് അഞ്ചും കോൺഗ്രസിനും എസ്ഡിപിഐക്കും രണ്ട് വീതവുമാണ് സീറ്റുള്ളത്. നിലവിൽ രണ്ട് പഞ്ചായത്തംഗങ്ങളുടെ രാജിയെ തുടർന്ന് ബിജെപിയുടെ അംഗ ബലം ഏഴായി കുറഞ്ഞു.

ഒരു മാസം മുമ്പ് മാനസിക പീഡനം തന്നെ ആരോപിച്ച് ബിജെപി അംഗമായിരുന്ന സംഗീത റാണിയും പഞ്ചായത്തംഗത്വം രാജിവെച്ചിരുന്നു. എൽഡിഎഫ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ബിജെപി നേതൃത്വത്തിനെതിരേ പ്രതികരിച്ചത്. ജില്ലാ നേതൃത്വത്തെ വിഷയം ധരിപ്പിച്ചുവെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ല എന്നും ഇവർ ആരോപിച്ചു. പ്രസിഡന്റിനെതിരേ നഗരൂർ പൊലീസ് സ്റ്റേഷനിലും ആറ്റിങ്ങൽ ഡിവൈഎസ്പിക്കും പരാതി നല്കിയിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K