22 April, 2024 11:08:46 AM
ആരോഗ്യ ഇൻഷുറൻസ്; 65 വയസ്സ് പ്രായപരിധി എടുത്തു കളഞ്ഞ് ഐ.ആർ.ഡി.എ.ഐ
ന്യൂഡല്‍ഹി: പുതുതായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നവര്‍ക്കുള്ള 65 വയസ് പ്രായപരിധി എടുത്തുകളഞ്ഞ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ). കുതിച്ചുയരുന്ന ചെലവ് കണക്കിലെടുത്ത് പ്രായപരിധിയില്ലാതെ എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാനാണ് നിബന്ധനകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം വരുത്തിയതെന്ന് ഐ.ആര്‍.ഡി.എ.ഐ അറിയിച്ചു.
വിവിധ പ്രായപരിധിയിലുള്ളവര്‍ക്ക് തടസമില്ലാതെ ഇന്‍ഷുറന്‍സ് ലഭ്യമാകുന്നുവെന്ന് കമ്പനികള്‍ ഉറപ്പുവരുത്തണം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കായി പ്രത്യേകം പോളിസികള്‍ ആവിഷ്‌കരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ഏതുതരം അസുഖമുള്ളവര്‍ക്കും പോളിസി നല്‍കല്‍ നിര്‍ബന്ധമാണ്.
അര്‍ബുദം, ഹൃദ്രോഗം, വൃക്ക രോഗം, അതുപോലെ തന്നെ എയ്ഡ്‌സ് ബാധിതര്‍ക്ക് പോളിസി നിഷേധിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യമൊരുക്കണം. ജനറല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ക്ക് മാത്രമേ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കാനാകൂ.
ആയുര്‍വേദ, യോഗ, നാചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയടങ്ങുന്ന ആയുഷ് ചികിത്സയുടെ തുകക്ക് പരിധി പാടില്ല. മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്നും ഐ.ആര്‍.ഡി.എ.ഐയുടെ പുതിയ നിബന്ധനയില്‍ പറയുന്നു.