23 October, 2024 10:18:32 AM
കണ്ണൂരില്‍ 19കാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം
കണ്ണൂർ : ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19 കാരി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ അറിയിച്ചിട്ടുണ്ട്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്. ഈ വർഷം ആകെ സംസ്ഥാനത്ത് 28 കേസുകൾ സ്ഥിരീകരിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് പേർ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്.
പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ അസുഖം പകരില്ല. രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ മെഡിക്കൽ ഓഫിസർ പിയൂഷ് എം നമ്പൂതിരിപ്പാടിന്‍റെ നിർദേശപ്രകാരം വളക്കൈ പ്രദേശത്ത് ആരോഗ്യസംഘം എത്തി ആരോഗ്യ ദ്രുത കർമസേന യോഗം ചേരുകയും, രോഗം സ്ഥിരീകരിച്ച യുവതിയുടെ വീട് സംഘം സന്ദർശിക്കുകയും ചെയ്‌തിട്ടുണ്ട്.
കൊതുകിന്‍റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും നടത്തി. ചത്ത നിലയിൽ കണ്ട പക്ഷിയുടെ ജഡം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. പ്രദേശത്ത് പക്ഷികൾ അസ്വാഭാവികമായി ചത്തു വീഴുന്ന സാഹചര്യമുണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ആരോഗ്യ വിഭാഗം നിർദേശിച്ചു. ജില്ലാ സർവൈലൻസ് ഓഫിസർ ഡോക്‌ടർ സച്ചിന്‍റെ നേതൃത്വത്തിലാണ് ജില്ലാ മെഡിക്കൽ ഓഫിസിലുള്ള സംഘം സന്ദർശനം നടത്തിയത്.
എന്താണ് വെസ്റ്റ് നൈൽ പനി : വെസ്റ്റ് നൈൽ വൈറസ് ആണ് രോഗകാരി. ക്യൂലക്‌സ് കൊതുക് വഴിയാണ് രോഗം പടർത്തുന്നത്. ഈ കൊതുകുകൾ രാത്രിയിലാണ് മനുഷ്യരെ കടിക്കുന്നത്. പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുക.
കാക്കയുടെ വർഗത്തിൽപ്പെട്ട പക്ഷികളെയാണ് കൊതുകുകൾ പ്രധാനമായും കടിക്കുന്നത്. പക്ഷികളിൽ ഈ രോഗം മരണ കാരണമാകുന്നു. പനി, ഓക്കനം, ഛർദി, പേശി വേദന എന്നിവയാണ് ലക്ഷണങ്ങൾ ഭൂരിഭാഗം പേരിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിച്ച് ബോധക്ഷയം, ജെന്നി എന്നിവ സംഭവിച്ച് മരണത്തിന് കാരണമാവാം.