15 September, 2024 05:04:01 PM


മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന്‍റെ ഫലം പോസിറ്റീവ്



മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24കാരനാണ് നിപ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. മരണശേഷം ലക്ഷണങ്ങളിലെ സാമ്യം കണ്ട് പരിശോധിച്ച ഡോക്ടര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നെടുത്ത സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോഴാണ് പ്രാഥമികമായി നിപ സ്ഥിരീകരിച്ചത്. തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലവും പോസിറ്റീവ് ആകുകയായിരുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ബംഗളൂരുവില്‍ വിദ്യാര്‍ഥിയായിരുന്നു മരിച്ച യുവാവ്. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, പോയിട്ടുള്ള ഇടങ്ങള്‍ എല്ലാം ട്രേസ് ചെയ്ത് കൊണ്ട് യുവാവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവരെ 151 പേരാണ് പ്രൈമറി കോണ്‍ടാക്ട്‌സില്‍ ഉള്ളത്. ഇതില്‍ അഞ്ചുപേര്‍ക്ക് ചെറിയ പനി ലക്ഷണങ്ങള്‍ ഉണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനം ഇല്ലായെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സൂക്ഷ്മതലത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. കോണ്‍ടാക്ട് ട്രേസിങ്ങിന്റെ അടിസ്ഥാനത്തിലുള്ള റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയായ 23 കാരന്‍ മരിച്ചത്. നിപ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേള്‍ ഉള്‍പ്പെട്ടതോടെ തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. നാളെ മുതല്‍ കൂടുതല്‍ പനി സര്‍വേകള്‍ പഞ്ചായത്തില്‍ ആരംഭിക്കും. രാവിലെ തിരുവാലി പഞ്ചായത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K