04 November, 2024 05:59:21 PM


ഗവ. ആശുപത്രിയിൽ രോഗികൾ കുറയും: കോട്ടയത്തെ ആരോഗ്യ മേഖല സ്വകാര്യ ആശുപത്രികളുടെ നിയന്ത്രണത്തിലേക്ക്

- സ്വന്തം ലേഖകൻ



കോട്ടയം : സാധാരണക്കാരനായ രോഗിക്ക് വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയിലേക്ക് കോട്ടയം മാറുന്നു. ജില്ലയിലെ ആരോഗ്യ മേഖല മൊത്തമായി തങ്ങളുടെ കൈപിടിയിൽ ഒതുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകത്തെ ഒരു സ്വകാര്യ ആശുപത്രി നടത്തുന്ന നീക്കം വിജയകരമായി തീരുന്നു എന്ന് കണ്ടതോടെ ഇതേ ഉദ്ദേശവുമായി മറ്റൊരു സ്വകാര്യ ആശുപത്രി കൂടി രംഗത്തെത്തി. രണ്ടു കൂട്ടരുടെയും നീക്കങ്ങൾ ലക്ഷ്യത്തിലെത്തുന്നത്തോടെ സാധാരണക്കാരന് കുറഞ്ഞ ചിലവിലുള്ള ചികിത്സ ജില്ലയിൽ അപ്രാപ്യമാകും എന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു.

തെള്ളകം കാരിത്താസ് ആശുപത്രിയാണ് ആരോഗ്യമേഖലയിൽ ജില്ലയിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ട് കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും ഉള്ള 5 സ്വകാര്യ ഇടത്തരം ആശുപത്രികൾ ഇതിനകം ഏറ്റെടുത്തത്. പുത്തനങ്ങാടി കെ എം എം, കളത്തിപ്പടി കരിപ്പാൽ, കൈപ്പുഴ സെന്റ് ജോർജ് എന്നീ സ്വകാര്യ ആശുപത്രികൾ കൂടാതെ തെള്ളകത്തെ മാതാ ആശുപത്രിയും കാരിത്താസ്‌ തങ്ങളുടെ നിയന്ത്രണത്തിലാക്കി. ഏറ്റുമാനൂരിലും കോട്ടയം നഗരത്തിലുമുള്ള മൂന്നു സ്വകാര്യ ആശുപത്രികളിൽ കൂടി കാരിത്താസ് നോട്ടമിട്ടിരിക്കുകയാണ്. മാനേജ്മെന്റിനിടയിലെ പ്രശ്നങ്ങൾ മുതലാക്കിയാണ് കാരിത്താസ് കോട്ടയം നഗരത്തിലെ ഒരു ആശുപത്രിയെ സമീപിച്ചിരിക്കുന്നതെന്നും അറിയുന്നു. നഗരത്തിൽ തന്നെ കനൃസ്ത്രീകൾ നേതൃത്വം നൽകുന്ന സ്വകാര്യ ആശുപത്രിയാണ് മറ്റൊന്ന്.

നിലവിൽ ചെറുകിട സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികളെ മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രികളിലേക്കാണ് വിദഗ്ധ ചികിത്സക്ക് അയച്ചിരുന്നത്. മറ്റ് ആശുപത്രികൾ ഏറ്റെടുത്തത്തോടെ കാരിത്താസ് റഫറൽ ആശുപത്രി എന്ന നിലയിലേക്ക് സ്വയം മാറ്റപെട്ടു. പുതുതായി ഏറ്റെടുത്ത ആശുപത്രികളിൽ എത്തുന്ന രോഗികളെ തുടർ ചികിത്സക്കായി കാരിത്താസ് ആശുപത്രിയിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ. ഇതോടെ സർക്കാർ ചിലവിൽ ലഭിക്കേണ്ട സൗജന്യ ചികിത്സ സാധാരണക്കാരന് ലഭിക്കാതെവരുന്നുവെന്നാണ് വസ്തുത. ആശുപത്രികൾ കൂടുതലായി ഏറ്റെടുക്കുന്നതോടെ സർക്കാർ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രികളിലേക്കുള്ള രോഗികളുടെ ഒഴുക്ക് ഗണ്യമായി കുറയുകയും ചെയ്യും.

സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്ന വിദഗ്ധ ഡോക്ടർമാരെയുൾപ്പെടെ വൻതുക പ്രതിഫലം നൽകി വിലക്കെടുക്കുന്ന സ്വകാര്യ ആശുപത്രികൾ ഈ പണം തിരികെ പിടിക്കാൻ വലിയ ടാർഗറ്റ് നൽകുന്നുവെന്നത് പരസ്യമായ രഹസ്യം ആണ്. ഒരുമാസം കുറഞ്ഞത് ഇത്ര ശസ്ത്രക്രിയകളും സ്കാനിംഗ് തുടങ്ങിയ പരിശോധനകളും മരുന്നുകളും രോഗികൾക്ക് നൽകിയിരിക്കണം എന്നാണ് ഡോക്ടർമാർക്കുള്ള നിർദേശം. ഫലമോ കാര്യമായ അസുഖം ഇല്ലാതെ വരുന്ന നല്ലൊരു ശതമാനം രോഗികളും ആശുപത്രിയിൽ നിന്ന് തിരിച്ചിറങ്ങുന്നത് മാറാരോഗികളായി. മരണമടഞ്ഞവരെ ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടത്തി പണം തട്ടുന്നതും നിത്യസംഭവം ആയിരിക്കുന്നു.

കോട്ടയം കൈപിടിയിലാക്കാനൊരുങ്ങിയുള്ള കാരിത്താസ് മാനേജ്‌മെന്റിന്റെ നീക്കം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കും എന്നുതന്നെയാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പോലും വിലയിരുത്തുന്നത്. കാരിത്താസിന്റെ നീക്കത്തിൽ അപകടം മണത്ത ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയും ഇതേ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു.
ഇവർ ലക്ഷ്യം വെക്കുന്ന കിഴക്കൻ മേഖലയിലെ മേലുകാവിൽ ഒരു ആശുപത്രി ഏറ്റെടുത്തു കഴിഞ്ഞു. കടുത്തുരുത്തി മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പണികൾ ആരംഭിച്ചു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ നവീകരണം നടത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

രണ്ടു ആശുപത്രികളുടെയും നീക്കം കേരളത്തിലെ മറ്റ് നഗരങ്ങളിൽ ഇല്ലാത്ത അപകടകരമായ ചികിത്സ സംവിധാനത്തിലേക്ക് ആണ് കോട്ടയത്തെ എത്തിക്കുക. ഡോക്ടറുടെ കൺസൾട്ടിങ് ഫീസുൾപ്പെടെയുള്ള 
ചികിത്സാ നിരക്കുകൾ നിശ്ചയിക്കുന്നത് ഉൾപ്പെടെ രണ്ട് സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പൻ ചികിത്സാ നാളുകൾ ആണ് കോട്ടയത്തെ കാത്തിരിക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K