29 April, 2024 08:36:40 AM


മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം: ഒരു തൊഴിലാളിയെ കാണാതായി



തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം. ഒരു തൊഴിലാളിയെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.


പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസില്‍, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ നടത്തുന്നു. 

കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. മുതലപ്പൊഴി അഴിമുഖത്ത് മണല്‍ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങള്‍ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികള്‍ പറയുന്നത്. 

കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ വളളം മറിഞ്ഞിരുന്നു. കടലിലേക്ക് വീണ മൂന്ന് തൊഴിലാളികൾ നീന്തിക്കയറി. തിങ്കളാഴ്ചയും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞിരുന്നു. രണ്ട് മത്സ്യതൊഴിലാളികൾക്കാണ് പരിക്കേറ്റത്. ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ കടലിലേക്ക് തെറിച്ചുവീണു. കടലിൽ വീണ മത്സ്യതൊഴിലാളിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K