08 May, 2024 10:27:19 AM
ജാഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു
കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു. 180 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കിണറുകളിൽ ക്ലോറിനേഷൻ നടത്തി വിതരണം ചെയ്യുന്ന ജലത്തിൽ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് ജലവിഭവ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ വേങ്ങൂർ , മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് രണ്ടു പഞ്ചായത്തുകളിലും രോഗം വ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അൻപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.
ഭാരിച്ച ചികിത്സാ ചിലവ് കാരണം ചികിത്സക്കുള്ള പണം കണ്ടെത്താൻ പലരും ബുദ്ധിമുട്ടുകയാണ്. പ്രാദേശിക സാമൂഹ്യദുരന്തമായി കണ്ട് ചികിത്സാ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.