08 May, 2024 12:04:36 PM


വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി



ലണ്ടൻ: ഇന്ത്യയിലടക്കം കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്സിൻ പാർശ്വ ഫലങ്ങൾക്ക് കാരണമാകുമെന്ന് നിർമ്മാതാക്കളായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ വാക്സിൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ച് കമ്പനി. നിർമിക്കപ്പെട്ട വാകിസിനുകൾക്ക് മാർക്കറ്റിംഗ് അംഗീകാരം ഒഴിവാക്കിയെന്നും തുടർന്ന് ഇനി ഈ ഗണത്തിലുള്ള വാക്സിൻ നിർമിക്കില്ല എന്നും കമ്പനി അറിയിച്ചു. ആസ്ട്രാസെനെക്ക എന്ന ബ്രിട്ടീഷ് കമ്പനിയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്നാണ് വാക്സിൻ നിർമിച്ചിരുന്നത്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ്‌ വാക്സിനും ഈ കമ്പനിയുടെ സഹകരണത്തോടെയാണ് നിർമിച്ചിരുന്നത്.

എന്നാൽ കൂടുതൽ മാറ്റങ്ങളോടെ പുതിയ വാക്സിനുകൾ മാർക്കറ്റിൽ ലഭ്യമായത് കൊണ്ടും വാണിജ്യപരമായ കാരണങ്ങൾ കൊണ്ടുമാണ് വാക്സിൻ പിൻവലിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം. ആസ്ട്രാസെനെക്ക നിർമ്മിച്ച വാക്സിൻ പെട്ടെന്നുള്ള മരണത്തിനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നവെന്ന് കാണിച്ച് ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കമ്പനിക്കെതിരെ നിരവധി ആളുകൾ പരാതി നൽകിയിരുന്നു. അതിനിടെയിലായിരുന്നു വാക്സിൻ ചിലപ്പോൾ രക്തം കട്ട പിടിക്കാനും അത് വഴി ആരോഗ്യപ്രശ്നങ്ങളുണ്ടാവാനും കാരണമായേക്കാമെന്ന് കമ്പനി തന്നെ കോടതിയിൽ സമ്മതിച്ചത്. കേസിൽ നഷ്ടപരിഹാരമടക്കമുള്ള വിഷയങ്ങളിൽ കോടതി വാദം തുടരവെയാണ് ആസ്ട്രാസെനെക്ക ഇപ്പോൾ വാക്സിൻ പിൻവലിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K