12 May, 2024 12:22:32 PM
മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുന്നു; അഞ്ച് മാസത്തിനിടെ ഏഴ് മരണം
മലപ്പുറം: മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് രണ്ട് മരണം കൂടി. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീർ, മലപ്പുറം കാളികാവ് സദേശി ജിഗിൻ എന്നിവരാണ് മരിച്ചത്. 14 കാരനായ ജിഗിൻ ഭിന്നശേഷിക്കാരനാണ്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഇരുവരും മരിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏഴ് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
നിലമ്പൂർ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ജില്ലയില്‍ ഈ വർഷം ജനുവരി മുതല്‍ 3184 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.