13 May, 2024 11:41:36 AM


എ.സി.പൊട്ടിത്തെറിച്ചു: പോരുവഴിയിൽ വീടിനു തീപിടിച്ച് വൻ നാശനഷ്ടം



ശാസ്താംകോട്ട :പോരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്ത് എ.സി.പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ എ.സി.യാണ് പൊട്ടിത്തെറിച്ചത്. മുറിയുടെ കതക്, രണ്ട് ജനാല, കട്ടിൽ, കിടക്ക ഉൾപ്പെടെ കത്തിയമർന്നു. എ.സി.വച്ചിരുന്ന മുറി ചാരക്കുമ്പാരമായി. ഇരുനിലവീട് മുഴുവനും പുകയും കരിയും പിടിച്ചു. വലിയ നാശനഷ്ടമാണുണ്ടായത്. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ ജീവാപായം ഒഴിവായി.


ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. വലിയശബ്ദത്തോടെയാണ് എ.സി. പൊട്ടിത്തെറിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. വീട്ടുകാർ സമീപത്ത് പ്രാർഥനയ്ക്കു പോയിരുന്നു. ആളിപ്പടർന്ന തീ നാട്ടുകാർ നിയന്ത്രണവിധേയമാക്കി. എന്നാൽ ശാസ്താംകോട്ടയിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായി അണച്ചത്. വീട്ടിനുള്ളിൽ പുക നിറഞ്ഞുനിന്നതിനാൽ ഏറെ പ്രയാസപ്പെട്ടാണ് തീ അണയ്ക്കാൻ കഴിഞ്ഞത്.


പുറത്തുപോയ സമയത്ത് എ.സി.ഓഫ് ചെയ്യാതിരുന്നതോ തണുപ്പ്‌ കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർമാരായ യേശുദാസ്, രമേഷ്ചന്ദ്ര, ഉദ്യോഗസ്ഥരായ മനോജ്, വിജേഷ്, രാജേഷ് ആർ., ഹരിപ്രസാദ്, ഹോം ഗാർഡ് ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K