20 May, 2024 01:39:15 PM


മഴയിൽ വീടിന്‍റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്



പാലക്കാട്: ചെത്തല്ലൂരിൽ കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്. ഗൃഹപ്രവേശനചടങ്ങിന്റെ ഭാഗമായുള്ള ഭക്ഷണസത്കാരത്തിനിടെ ചെത്തല്ലൂർ ചാമപ്പറമ്പിലാണ് അപകടമുണ്ടായത്. മണ്ണാർക്കാട് മുക്കണ്ണം സ്വദേശികളായ ശിവശങ്കരൻ(56), ഭാര്യ സരോജിനി(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഴയായതിനാൽ വീടിനുമുകളിൽനിന്ന് ഒരാൾപൊക്കമുള്ള പുതിയ മതിലിനപ്പറുത്തേക്ക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. ഷീറ്റിലൂടെയുള്ള വെള്ളവും മതിലിന് താഴേക്കാണ് പതിച്ചിരുന്നത്. ഇതോടെ മണ്ണിടിയുകയും മതിൽ വീട്ടുമുറ്റത്തേക്ക് മറിയുകയുമായിരുന്നു. ശിവശങ്കരന്റെയും സരോജിനിയുടെയും ദേഹത്തേക്ക് കല്ലും മറ്റും തെറിച്ചുവീണാണ് പരിക്കേറ്റത്. കുട്ടികളുൾപ്പെടെ നിരവധിയാളുകൾ നേരത്തെ ഭക്ഷണംകഴിച്ചുമടങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K