17 October, 2024 07:12:49 PM
ഉപതിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു- പാലക്കാട് ജില്ലാ കളക്ടര്‍
പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമായി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പു് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള വിവിധ സ്ക്വാഡുകൾ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾ സഹകരിക്കണം. അനുവദനീയമായ തുകയിൽ കൂടുതൽ കൈവശം കൊണ്ടു നടക്കുന്നവർ മതിയായ രേഖകൾ കരുതണം.
സ്ഥാനാർത്ഥികളാവുന്നവർക്ക് പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതായുള്ളതിനാൽ പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാർത്ഥികൾക്ക് അതിനുള്ള സൗകര്യം ഏർപ്പെടുത്താന്‍ എല്ലാ ബാങ്ക് ബ്രാഞ്ചുകള്‍ക്കും നിര്‍ദ്ദേശമുണ്ട്. പ്രചാരണത്തിനായി സാമഗ്രികൾ പ്രിന്റ് ചെയ്യുന്നതിന് ഏൽപ്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷൻ ഫോം വാങ്ങുകയും അതിന്റെ ഒരു പകർപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർക്ക് ലഭ്യമാക്കുകയും വേണം. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രിന്റ് ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളിൽ പ്രിന്റര്‍, പബ്ലിഷർ, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ ഉള്‍ക്കൊള്ളിക്കണം. പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്ന പ്രിന്റിങ് പ്രസ്സുകൾ ആ വിവരവും ഓഡിറ്റോറിയങ്ങളുടെയും കൺവെൻഷൻ സെന്ററുകളുടേയും ഉടമസ്ഥർ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും താമസം കൂടാതെ ജില്ലാ കളക്ടറെ അറിയിക്കണം.
വാഹനങ്ങളിൽ കൊണ്ടു പോകുന്ന പണം മദ്യം, ആയുധങ്ങൾ, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച് കർശനമായ പരിശോധന ജില്ലയിൽ ഉടനീളം വോട്ടെടുപ്പ് കഴിയുന്നത് വരെ ഉണ്ടായിരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.