26 March, 2025 03:40:27 PM
പാലക്കാട് നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ചു; 6 വയസുകാരന് പൊള്ളലേറ്റു

പാലക്കാട്: മണ്ണാർക്കാട് ചന്തപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് 6 വയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ മകൻ ഹനനാണ് പൊള്ളലേറ്റത്. മകനുമായി ഒന്നിച്ച് വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം.
വണ്ടി നിർത്തിയിട്ട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സ്കൂട്ടറിന്റെ താഴെ ഭാഗത്തുനിന്ന് തീ പടരുന്നത് കണ്ടത്. സ്കൂട്ടറിന്റെ ഫൂട്ട് സ്പേസിൽ നിൽക്കുകയായിരുന്ന ഹനാന്റെ കാലിലേക്കും തീ പടർന്നു. തുടർന്ന് ഓടി മാറിയതിനാൽ കൂടുതൽ പരുക്കുകൾ ഉണ്ടായില്ല. പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ സ്കൂട്ടറിൽ തീപിടിക്കാനുണ്ടായ കാരണം പരിശോധിച്ചു വരികയാണ്. ഏതെങ്കിലും തരത്തിലുള്ള ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് കാരണമായത് എന്നും വിശദമായി പരിശോധിക്കും. എന്നിരുന്നാലും തലനാരിഴയ്ക്കാണ് അച്ഛനും മകനും അപകടത്തിൽ നിന്ന് രക്ഷപെട്ടത്.