13 March, 2025 12:01:50 PM
പൂജയ്‌ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സ്ത്രീയടക്കം 2 പേർ പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കാണെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ജ്യോത്സ്യനിൽ നിന്ന് സ്വർണ്ണമുൾപ്പെടെ കവർന്ന കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം എസ് ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെയാണ് ഇവർ കുടുക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരം മൈമുനയും മറ്റൊരു യുവാവും ചേർന്ന് കൊല്ലങ്കോട്ടിലെ ജോത്സ്യന്റെ വീട്ടിലെത്തി. താൻ ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പൂജയ്ക്കാണെന്ന് പറഞ്ഞ് ജ്യോത്സനെ കല്ലാ ചള്ളയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം നാലര പവൻ സ്വർണ്ണ മാല, മൊബൈൽ ഫോൺ, 2000 രൂപ എന്നിവ പ്രതികൾ കൈക്കലാക്കി. കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും ജോത്സ്യൻ ഓടി രക്ഷപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. കവർച്ചയ്ക്കിടെ പ്രതികൾ മർദ്ദിച്ചുവെന്നും തട്ടിപ്പിനരയായ ജോത്സ്യൻ പൊലീസിനോട് പറഞ്ഞു.