20 March, 2025 12:45:50 PM


വടക്കഞ്ചേരിയിലെ പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; പ്രതികൾ പിടിയിൽ



വടക്കഞ്ചേരി: ദേശീയപാതയിൽ പാലക്കാട് പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരന്‍റെ കൈയ്യിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടിച്ചവർ കോഴിക്കോട് പിടിയിൽ. പരപ്പനങ്ങാടി സ്വദേശികളായ റസൽ, ആഷിക്ക് എന്നിവരാണ് കോഴിക്കോട് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. നിരവധി മേഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 12.50 നാണ് സംഭവം നടന്നത്. 48,380 രൂപയടങ്ങിയ ബാഗാണ് മാസ്ക് ധരിച്ച് ബൈക്കിലെത്തിയ യുവാക്കൾ കവർന്നത്.

മാസ്ക് ധരിച്ച് ബൈക്കിൽ പമ്പിലെത്തിയ രണ്ടു പേർ പെട്രോൾ അടിക്കുന്ന സ്ഥലത്തെത്തി ഇറങ്ങുകയായിരുന്ന ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് തട്ടിയെടുത്തു പോവുകയായിരുന്നു. പ്രതികൾ പിന്നീട് പാലക്കാട്- കോഴിക്കോട് ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് സിസിടിവി പരിശോധനയിൽ കണ്ടെത്തി. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് പരിശോധിച്ചതിൽ വാഹനം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു ഹോട്ടൽ ജീവനക്കാരന്‍റേതാണെന്നും കഴിഞ്ഞ ദിവസം മോഷ്ടിടിച്ചതാണെന്നും കണ്ടെത്തി.

സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞ് പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഈ സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്നും ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തതെന്നും പന്നിയങ്കര പൊലീസ് അറിയിച്ചു. പിടിയിലായത് അന്തർ ജില്ലാ മോഷ്ടാക്കളാണെന്നും മോഷ്ടിച്ച ബൈക്കുമായെത്തി പെട്രോൾ പമ്പുകളിലടക്കം കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു. 

റസലിനും ആഷിക്കിനുമെതിരെ 10 ജില്ലകളിലായി 20 ഓളം കേസുകളുണ്ടെന്നും ഇരുവരും  മയക്കുമരുന്നിന് അടിമകളാണെന്നും പൊലീസ് വ്യക്തമാക്കി. സ്കൂൾ  കുട്ടികൾക്ക് ലഹരി നൽകി അവരെകൊണ്ട് മോഷണം നടത്തിച്ചും പ്രതികൾ പണം സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ മോഷ്ടിച്ച ഒരു ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന്  ആക്രിയാക്കി ആക്കി വിറ്റിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K