20 November, 2024 09:13:14 AM


പാലക്കാട് വിധിയെഴുതുന്നു: ഉപതെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി



പാലക്കാട്‌: പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പോളിങ് ആരംഭിച്ചു. മണ്ഡലത്തിലെ  185 പോളിങ്‌ ബൂത്തുകളിലായാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം.

മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്‌. പാലക്കാട്‌ നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ്‌ പാലക്കാട്‌ മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ്‌ കൂടുതൽ- 1,00,290. 94,412 പുരുഷ വോട്ടർമാരും നാല്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്‌.

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.  ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് വേതനത്തോടു കൂടിയുള്ള അവധിയായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922