26 October, 2024 12:54:10 PM


തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷാവിധി മറ്റന്നാൾ



പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി മറ്റന്നാൾ വിധി പറയും. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നമെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ഇരു പ്രതികളും കോടതിക്ക് മുൻപാകെ പറഞ്ഞു.

കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി മറ്റന്നാൾ വിധി പറയുക. കേസിൽ അനീഷ് എന്ന അപ്പുവിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ഇന്നലെ വ്യക്തമാക്കിയിരുന്നു.

സാമ്പത്തികമായി ഉയർന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.

ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധിത്തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. സ്കൂൾ പഠനകാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941