20 November, 2024 07:29:33 PM


ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം; വെണ്ണക്കര ബൂത്തില്‍ രാഹുലിനെ തടഞ്ഞു



പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘർഷവും. വെണ്ണക്കര 48-ാം നമ്പര്‍ ബൂത്തില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ കള്ളം പറയുകയാണെന്നും ആരോപണം തെളിയിച്ചാല്‍ മാപ്പ് പറയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

വെണ്ണക്കരയിലെ ബൂത്തില്‍ വോട്ടര്‍മാരുടെ വലിയ നിരയാണെന്നും ഇത് സംബന്ധിച്ച് ചിലര്‍ പരാതി ലഭിച്ചതായും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാനാണ് താന്‍ ബൂത്തിലെത്തിയത്. തന്റെ കൈവശം കാന്‍ഡിഡേറ്റ് പാസ് ഉണ്ട്. പോളിങ് സ്‌റ്റേഷനില്‍ പോകാന്‍ അധികാരം നല്‍കുന്നതാണ് ആ പാസ്. അകത്തു കയറി ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ വരികയും തന്നോട് പുറത്തുപോകാന്‍ പറയുകയായിരുന്നു.

'ഞാന്‍ വന്നപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുന്നു. സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും' രാഹുല്‍ പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ് രാഹുല്‍ അവിടെത്തന്നെ തമ്പടിച്ചു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായി. ഈ സമയം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും രണ്ട് കൂട്ടരേയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ രണ്ട് കൂട്ടരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥലത്ത് നിന്ന് പോകുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വോട്ടഭ്യർത്ഥിച്ചുവെന്ന ആരോപണവുമായി സിപിഐഎം പ്രവർത്തകരും രംഗത്തെത്തി.

'അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ഒറ്റയ്ക്കാണ് ബൂത്തില്‍ കയറിയത്. ഞാന്‍ ചെന്നപ്പോള്‍ ബിജെപിയുടെ ബൂത്ത് ഏജന്റ് ആദ്യം തര്‍ക്കം ഉന്നയിച്ചു. തൊട്ടുപിന്നാലെ സിപിഎം ബൂത്ത് ഏജന്റും പ്രശ്നമുണ്ടാക്കി. ആദ്യം ബൂത്തില്‍ കയറരുത് എന്ന് പറഞ്ഞു. പിന്നെ ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് കാമറ നോക്കുമ്പോള്‍ അറിയമല്ലോ, വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും രഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933