22 October, 2024 01:26:21 PM


പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് എ കെ ഷാനിബ്



പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ കെ ഷാനിബ്. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വിഡി സതീശനും ഷാഫി പറമ്പിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. പാര്‍ട്ടിയിലെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷാനിബ് നടത്തിയത്. വി ഡി സതീശനു ധാര്‍ഷ്ട്യമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത, പക്വതയില്ലാത്ത നേതാവാണ് സതീശന്‍. അധികാര ഭ്രമം മൂത്ത് ഓരോരുത്തരെയും ചവിട്ടിമെതിച്ച് മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ് വി ഡി സതീശനെന്നും ഷാനിബ് ആരോപിച്ചു. ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ ചവിട്ടിപുറത്താക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്.

തന്നെ പുഴുവെന്നാണ് വിഡി സതീശന്‍ വിശേഷിപ്പിച്ചത്. പാര്‍ട്ടിക്കു വേണ്ടി പോസ്റ്ററൊട്ടിച്ചും ചുമരെഴുതിയും നടക്കുന്ന സാധാരണ പ്രവര്‍ത്തകരായ പുഴുക്കള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇത്തരത്തിലുള്ള നിരവധി പേര്‍ തന്നെ വിളിച്ചിരുന്നു. തന്റെയൊപ്പം വരാന്‍ ഒരുക്കമാണെന്ന് അറിയിച്ചെങ്കിലും, രാഷ്ട്രീയ സംരക്ഷണം നല്‍കാനുള്ള സംവിധാനം ഇപ്പോള്‍ തനിക്കില്ല.

വിജയിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഏറ്റെടുത്താണ് വിഡി സതീശന്‍ ഉപതെരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ് ആയതെന്ന് ഷാനിബ് പറഞ്ഞു. ഉപ തെരഞ്ഞടുപ്പ് സ്പെഷലിസ്റ്റ് ആയ സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളുമെന്നും ഷാനിബ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാലും മത്സരത്തില്‍ നിന്നും പിന്മാറില്ല.

താന്‍ മത്സരിക്കുന്നത് ബിജെപിക്ക് ഗുണകരമാകുമോയെന്ന് ആലോചിച്ചു. എന്നാല്‍ ബിജെപിക്ക് ഉള്ളിലും അസ്വാരസ്യം ഉണ്ടെന്നു മനസ്സിലായി. ഇതേത്തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപിക്ക് വളരാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് വി ഡി സതീശന്‍ ചെയ്യുന്നതെന്നും ഷാനിബ് ആരോപിച്ചു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാന്‍ ആശയക്കുഴപ്പമുള്ളവരും തനിക്ക് ഒപ്പമുണ്ട്. ബിജെപിക്ക് അകത്ത് നിന്നും തനിക്ക് വോട്ട് ലഭിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K