19 November, 2024 09:44:54 AM
പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
പാലക്കാട്ടെ 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാര്‍.
184 ബൂത്തുകള്‍ ഭിന്നശേഷി സൗഹൃദം
ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാനും, ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനുമായി 184 ബൂത്തുകള്‍ താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൂത്തുകളില്‍ റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവര്‍ക്ക് സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കേണ്ട. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിങ് ബൂത്തായി സജ്ജീകരിച്ചു. എഎല്‍പി സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത്. 145 പേരാണുള്ളത്.
പോളിങ് സ്റ്റേഷനുകള്‍ക്ക് ഇന്ന് അവധി
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും ഇന്ന് (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ എസ് ചിത്ര അറിയിച്ചു.