29 May, 2024 03:43:17 PM


തൃശ്ശൂരിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു



തൃശ്ശൂർ: മിന്നൽ പരിശോധനയിൽ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധന വരും ദിവസങ്ങളിലും കർശനമാക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. പെരിഞ്ഞനത്ത് കുഴിമന്തികഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് 56 കാരി മരിച്ചതിന് പിന്നാലെയാണ് തൃശൂരിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന.

കോർപ്പറേഷൻ ആരോഗ്യ വിഭാഗം രാവിലെ ആറുമുതൽ പത്തുവരെ നാലു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഒരാൾ മരിക്കുകയും 180ലേറെപ്പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തതിന് ശേഷവും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളമ്പുകയാണ് ചില ഹോട്ടലുകൾ. റോയൽ പാർക്ക്, കുക്ക് ഡോർ, ചുരുട്ടി, വിഘ്നേശ്വര എന്നിവിടങ്ങളിൽ നിന്നാണ് കേടായ ചിക്കൻ, ബീഫ്, ബിരിയാണി, കേടായ മുട്ട, പൊറോട്ട, ചപ്പാത്തി അച്ചാറുകളെന്നിവ പിടികൂടിയത്.

തൃശൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന; നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഇന്നലെ കളക്ട്രേറ്റിൽ ചേർന്ന അവലോകന യേഗത്തിനു ശേഷം പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും. അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ് 56 കാരി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആരോഗ്യ വകുപ്പിൻറെയും പോസ്റ്റ്മോർട്ടത്തിൻറെയും റിപ്പോർട്ട് വരുന്ന മുറയ്ക്ക് മനപൂർവ്വമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഹോട്ടലുടമകൾക്കെതിരെ കേസെടുക്കുമെന്ന് കൈപ്പമംഗലം പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K