15 June, 2024 11:18:57 AM


മരിച്ച 3 പേരുടെ അക്കൗണ്ടിൽ നിന്നും പണം തട്ടി: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽ പേര്‍ക്ക് പണം നഷ്ടമായി



തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽ പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍നിന്നും തട്ടിപ്പുസംഘം പണം അപഹരിച്ചിട്ടുണ്ട്. ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്. ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി. പരിശോധന വരും ദിവസങ്ങളിലും തുടരും. വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ പണവും തട്ടിയെടുത്തത്. ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ സസ്പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റുൾപ്പെടെ ഉണ്ടാകും.

വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മറ്റാരോ മാറിയെടുത്തുവെന്ന് ചൂണ്ടികാണിച്ച് ശ്രീകാര്യം സ്വദേശിയായ മോഹനകുമാരി ആണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. മോഹനകുമാരിയുടെ ഭർത്താവിന്‍റെ പെൻഷനാണ് ട്രഷറിയിലേക്കെത്തുന്നത്. മകളോടൊപ്പം വർഷങ്ങളായി വിദേശത്തായിരുന്ന മോഹനകുമാരി എല്ലാ മാസവും പെൻഷൻ പിൻവലിക്കാറില്ല. നാട്ടിലെത്തിയ ശേഷം ജില്ലാ ട്രഷറിയിൽ നിന്നും സ്റ്റേറ്റ്മെൻറ് എടുത്തപ്പോഴാണ് ഈ മാസം മൂന്ന്, നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത് മനസിലാക്കിയതോടെ അവിടെയത്തി ചെക്കുകള്‍ പരിശോധിച്ചു. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല നൽകിയിരിക്കുന്നത്. ഇതുകൂടാടെ ഒപ്പും വ്യാജമാണ്. ഈ ചെക്കുകള്‍ നൽകിയിരിക്കുന്ന ഉദ്യോഗസ്ഥനാകട്ടെ വിമരിക്കുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K