08 July, 2024 12:40:30 PM


മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞു; കടലിൽ വീണ 11 പേരെയും രക്ഷപ്പെടുത്തി



തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് പുലർച്ചെയാണ് ഒരു മത്സ്യബന്ധന വള്ളത്തിലെ 11 പേർ കടലിലേക്ക് വീണത്. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന് പുലർച്ചയോടെ കടലിൽ മറിയുകയായിരുന്നു. വള്ളത്തിലെ വലകൾ കടലിലേക്ക് വീണു. തുടർന്ന് ഇതെടുക്കാൻ ശ്രമിക്കവെ വള്ളത്തിലുണ്ടായിരുന്ന 11 പേരും കടലിൽ വീഴുകയായിരുന്നു. ഒരാളെ ഉടനെ രക്ഷിച്ച് ആശുപത്രിയിലാക്കി. മറ്റുള്ളവരെയും പിന്നാലെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെയെല്ലാം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. 11 പേരുടെയും നില തൃപ്‌തികരമാണെന്നാണ് വിവരം.

മുതലപ്പൊഴിയിൽ ഞായറാഴ്‌ച രാത്രിയും അപകടമുണ്ടായിരുന്നു. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം സ്വദേശി അനസ് (36), പൂത്തുറ സ്വദേശി ജിജോ (39), ഒറീസ സ്വദേശി വിജീഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. രാത്രി എട്ടോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സ്‌മെന്റിന്റെ സഹായത്തോടെ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K