10 July, 2024 12:20:15 PM
തെലങ്കാനയിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പല്ലി; വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയില്‍ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നല്‍കിയ പ്രഭാതഭക്ഷണത്തില്‍ പല്ലിയെ കണ്ടതായി വിദ്യാര്‍ത്ഥികള്‍. ഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമയംപേട്ട ടിജി മോഡല്‍ സ്‌കൂളിലാണ് സംഭവം. പാചകക്കാരനും സഹായിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ പല്ലി വീണതാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അണുബാധയുടെ കാരണം സ്ഥിരീകരിക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയ ഉപ്പുമാവിലാണ് പല്ലിയെ കണ്ടത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ വൈദ്യസഹായം നല്‍കുകയും വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വിഷയത്തില്‍ രക്ഷിതാക്കള്‍ തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും സ്‌കൂള്‍ അടുക്കളകളില്‍ കര്‍ശനമായ ശുചിത്വ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്.