11 July, 2024 07:50:14 PM
സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്നു മരണം; ചികിത്സ തേടിയത് 13,196 പേർ
തിരുവനന്തപുരം: പനിയിൽ വിറച്ച് സംസ്ഥാനം. മൂന്നു പേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. ഇതിൽ രണ്ട് മരണം എലിപ്പനി ബാധിച്ചാണ്. മറ്റൊരാൾ മരിച്ചത് മഞ്ഞപ്പിത്തത്തെ തുടർന്നാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. 13,196 പേരാണ് പനി ബാധിച്ച് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകര ശ്രീകാരുണ്യ സ്കൂളിലെ ഏഴ് പേരാണ് കോളറ സ്ഥിരീകരിച്ചത്. ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.