16 July, 2024 12:11:38 PM


ശരീരത്തിന്‍റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാം, കര്‍ക്കടകത്തിലെ ചികിത്സകളിലൂടെ

ഡോ. നവീന്‍ വര്‍ഗീസ്




ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്ന ചികിത്സാരീതിയാണ് ആയുര്‍വേദം. ചികിത്സാരീതി എന്നതിനേക്കാള്‍ വേദകാലഘട്ടത്തോളം പഴക്കമുള്ള ഒരു ജീവിത സംസ്‌കാരം എന്ന വിശേഷണമായിരിക്കും ആയുര്‍വേദത്തിന് കൂടുതല്‍ അനുയോജ്യം. അത്രമാത്രം സമഗ്രമാണ് ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട്. 5000 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ചികിത്സാ സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ നിരവധി വിദേശ അധിനിവേശ ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് നിലനില്‍ക്കാന്‍ ആയുര്‍വേദത്തിന് സാധിച്ചു. ഇന്ന് ഇന്ത്യയിലെന്ന പോലെ വിദേശത്തും വലിയ സ്വാധീനമുള്ള ചികിത്സാരീതിയാണ് ആയുര്‍വേദം.


ടിബറ്റന്‍ ചികിത്സാ സമ്പ്രദായത്തെയും ചൈനീസ് ചികിത്സാ സമ്പ്രദായത്തെയും വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ആയുര്‍വേദത്തിന് സാധിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ചികിത്സാരീതികളില്‍ ഒന്നുകൂടിയാണ് ആയുര്‍വേദം. പുരാതന ഗ്രീക്കുകാരും ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളവരാണ്.


കര്‍ക്കടക ചികിത്സ 


ദീര്‍ഘകാല ക്ഷേമത്തിനായി ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തെ പോഷിപ്പിക്കുന്ന ഒരു പരമ്പരാഗത ചികിത്സാരീതിയാണ് കര്‍ക്കടക ചികിത്സ. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും ചികിത്സകള്‍ക്കും ആരോഗ്യ പരിപാലനത്തിനും ഏറ്റവും അനുയോജ്യമായ സമയമായാണ് ആയുര്‍വേദം കര്‍ക്കടക മാസത്തെ കണക്കാക്കുന്നത്. സാധാരണയായി ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് കര്‍ക്കടക മാസം വരുന്നത്. കേരളത്തിലെ മഴക്കാലത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സമയമാണിത്. ഈ സമയത്ത് ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഈ കാലയളവിലെ ചികിത്സ നമ്മില്‍ കൂടുതല്‍ ആരോഗ്യം വര്‍ധി പ്പിക്കുന്നു.


ആയുര്‍വേദ പുരാതന ഗ്രന്ഥങ്ങള്‍ അനുസരിച്ച്, മഴക്കാലത്ത് ഈര്‍പ്പം വര്‍ധിക്കുന്നത് ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു. ഈ കാലാവസ്ഥയില്‍ ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ പലപ്പോഴും ദഹനം, ശ്വസനം, സന്ധിവാതം, അലര്‍ജികള്‍, ജലജന്യരോഗങ്ങള്‍ എന്നിവക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരമായാണ് ആയുര്‍വേദത്തെ കണക്കാക്കുന്നത്. ഇത്തരം ആരോഗ്യ വെല്ലുവിളികളെ അതിജീവിക്കാന്‍, പലരും കര്‍ക്കടകമാസത്തിലെ ചികിത്സക്ക് തുടക്കമിടുന്നു. 


ധാരാളം വിഷവസ്തുക്കള്‍ വേനല്‍ക്കാലത്ത് ശരീരത്തില്‍ അടിഞ്ഞുകൂടുകയും മഴക്കാലത്ത് ഇവയൊക്കെ വഷളാകുകയും ചെയ്യുന്നു. തത്ഫലമായി ഇത് വാതത്തെ പ്രതികൂലമായി ബാധിച്ച് പല രോഗങ്ങളിലേക്കും നയിക്കുന്നു. വേനല്‍ക്കാലത്തിനു ശേഷം പെയ്യുന്ന മഴ ഭക്ഷണങ്ങളില്‍ അസിഡിറ്റി വര്‍ധിപ്പിക്കുകയും ഇത് പിത്ത ദോഷം വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. പനി, അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവയ്ക്കുന്നു. മഴക്കാലത്ത് മലീമസമായ വെള്ളവും ഭക്ഷണവും കഫ ദോഷത്തെ വര്‍ധിപ്പിക്കുകയും ജലദോഷം, ചുമ, അലര്‍ജി, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.


ആയുരാരോഗ്യ സൗഖ്യത്തിന്


ഇത്തരം ദോഷങ്ങളെ ശരീരത്തില്‍ നിന്ന് അകറ്റി രോഗങ്ങള്‍ തടയുന്നതിനും ഊര്‍ജനില വര്‍ധിപ്പിക്കുന്നതിനും മസാജുകള്‍ ഉപയോഗിച്ച് ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ദീര്‍ഘായുസിനും കര്‍ക്കടക ചികിത്സകള്‍ ഫലപ്രദമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കൊഴുപ്പ് നീക്കി ശരീരഭാരം കുറയ്ക്കാനും നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീക്കാനും കര്‍ക്കടക ചികിത്സ സഹായിക്കുന്നു. മാത്രമല്ല, സന്ധിവാതം, സ്‌പോണ്ടിലൈറ്റിസ്, നടുവേദന, ഉറക്കമില്ലായ്മ, പേശിവേദന, സമ്മര്‍ദം, വിഷാദം തുടങ്ങിയ പല രോഗങ്ങളെയും ഈ ചികിത്സയിലൂടെ തടയാവുന്നതാണ്.

പഞ്ചകര്‍മ


ശരീരത്തെ വിഷമുക്തമാക്കി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് ശരീരത്തെ മുക്തമാക്കുകയും ചെയ്യുന്ന പ്രതിരോധ ചികിത്സയാണ്് പഞ്ചകര്‍മ. ഇത് നടത്തുന്നതിനുള്ള ഏറ്റവും നല്ല സമയമായി മണ്‍സൂണ്‍ കാലത്തെ ആയുര്‍വേദം അംഗീകരിക്കുന്നു. പഞ്ചകര്‍മങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് പ്രധാനം. ശരീരധാതുക്കളില്‍ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ ഛര്‍ദിപ്പിച്ചും വയറിളക്കിയും വസ്തിരൂപേണയും പുറത്തു കളയുന്നതാണ് ശോധന ചികിത്സ. ഇലക്കിഴി, അഭ്യംഗം, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവയും പഞ്ചകര്‍മയുടെ ഭാഗമാണ്. 


പഥ്യം പ്രധാനം


പഥ്യം ഈ ചികിത്സയുടെ ഒരു പ്രധാന വശമാണ്. മിക്ക ആയുര്‍വേദ സമ്പ്രദായങ്ങളിലും പഥ്യം നിര്‍ബന്ധമാണ്. സസ്യാധിഷ്ടിതമായ ആരോഗ്യകരമായ ഭക്ഷണം, മസാജുകള്‍, വ്യായാമങ്ങള്‍, ഡയറ്റ് പ്ലാന്‍ എന്നിവയും ഈ കാലയളവില്‍ പിന്തുടരേണ്ടതാണ്. കൃത്യമായ രീതിയില്‍ ഔഷധങ്ങള്‍ സേവിക്കുകയും എണ്ണ, കുഴമ്പ് ഉപയോഗിച്ച് ദിവസേനയുള്ള തേച്ചുകുളിക്കുകയും നല്ലത്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്ക്കണം. ധന്വന്തരം തൈലം കുഴമ്പ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം. പകലുറക്കവും കൂടുതല്‍ അധ്വാനവും വെയിലും ഒഴിവാക്കണം. ഈ ചികിത്സാവിധിയെല്ലാം ഒരു ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രമേ ചെയ്യാവു എന്നതും ശ്രദ്ധിക്കണം.


ഔഷധക്കഞ്ഞി


കര്‍ക്കടകത്തില്‍ വിശപ്പുണ്ടാകുന്നതും തൃദോഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. നിരവധി ഔഷധങ്ങള്‍ ചേര്‍ന്ന കര്‍ക്കടക കഞ്ഞി ഏറ്റവും വിശേഷം. പച്ചില മരുന്നുകള്‍ ഇട്ട് 'നവര' അരി കൊണ്ട് തയാറാക്കുന്ന കഞ്ഞി മനസിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നതിനുള്ള ഒരു ഔഷധമാണ്. ആയുര്‍വേദത്തിലെ ആരോഗ്യം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള സസ്യങ്ങളും മറ്റും ഉപയോഗിക്കുന്ന അവസ്ഥയില്‍ ആണ് കര്‍ക്കടക കഞ്ഞി തയ്യാറാക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും പേശികള്‍, നാഡീവ്യവസ്ഥ, ചര്‍മം എന്നിവ പുനരുജ്ജീവിപ്പിക്കാനും കര്‍ക്കടക കഞ്ഞി സഹായിക്കുന്നു. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K