17 July, 2024 03:05:20 PM


ചന്ദിപുര വൈറസ്: ഗുജറാത്തില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു



അഹമ്മദാബാദ്: ഗുജറാത്തില്‍ ചന്ദിപുര വൈറസ് രോഗബാധയെത്തുടര്‍ന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ, ഛണ്ഡിപ്പുര വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി. ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബര്‍കാന്തയിലെ ഹിമത്നഗറിലെ സിവില്‍ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു.

മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടുപേര്‍ കൂടി ഗുജറാത്തില്‍ ചികിത്സ തേടിയതയാണ് വിവരം. സബര്‍കാന്ത ജില്ല-2 ആരവല്ലി-3 മഹിസാഗര്‍, രാജ്കോട്ട്-1 എന്നിങ്ങനെയാണ് ചകിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ഈ അപൂര്‍വ വൈറസിനെക്കുറിച്ചു പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മരണസാധ്യത കൂടുതലായ രോഗത്തിനു എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ടെന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകള്‍ പുണെ ആസ്ഥാനമായുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ചിരിക്കുകയാണ്. കൊതുകുകള്‍, ഈച്ചകള്‍ തുടങ്ങിയവയിലൂടെ പകരുന്ന രോഗമാണിത്. ശക്തമായ പനി, മസ്തിഷ്‌കജ്വരം (അക്യൂട്ട് എന്‍സെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K