20 July, 2024 04:37:06 PM


നിപ സംശയിച്ച 14കാരന് ചെള്ള് പനി സ്ഥിരീകരിച്ചു; നില അതീവഗുരുതരം



മലപ്പുറം: കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്ന മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K