20 July, 2024 04:50:50 PM
ഗായത്രി പുഴയില്‍ ഒഴുക്കില്‍പെട്ട 17 കാരനായി തെരച്ചില്‍ ഊര്‍ജിതം
പാലക്കാട്: പാലക്കാട് തരൂരില്‍ ഗായത്രി പുഴയില്‍ പതിനേഴുവയസുകാരനെ ഒഴുക്കില്‍പെട്ടു കാണാതായി. സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ പോയ 17 വയസുകാരനായ ഷിബിനാണ് ഒഴുക്കില്‍ പെട്ടത്. രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. ഫയര്‍ ഫോഴ്‌സെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തരൂരിലെ അമ്മവീട്ടിലെത്തിയതായിരുന്നു ചിറ്റൂര്‍ സ്വദേശിയായ ഷിബിന്‍. കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ നീന്തി രക്ഷപ്പെട്ടു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരയെും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പാലക്കാട് നിന്നും സ്‌കൂബ ടീമെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പടവില്‍ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴേയ്ക്കും ഒരു തവണ മുങ്ങിപ്പൊങ്ങി താണുപോയി. പിന്നെ കാണാതായി എന്ന് രക്ഷപ്പെട്ട കുട്ടികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.