21 July, 2024 12:59:23 PM


മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു



കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക.

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകുന്നതും ശ്രവം പരിശോധനയ്ക്ക് അയച്ചതും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ  4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. 

സമ്പർക്കത്തിൽ ഏർപെട്ടവർ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സമ്പര്‍ക്ക പട്ടികയിലെ രണ്ട് പേര്‍ക്ക് പനിയുണ്ട്. വൈറല്‍ പനിയാണ്. 246 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 63 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലുണ്ട്. ഹൈറിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും. എന്‍ഐവി പൂനെയുടെ മൊബൈല്‍ ലാബ് ഇവിടെ എത്തും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തും. പൂര്‍ണമായി ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് വേണ്ടി സഹായത്തിന് വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിംഗുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K