23 July, 2024 08:56:23 AM
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 10 ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാൻ ജില്ല കലക്ടർ ഉത്തരവിറക്കി. പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യാനാണ് ഉത്തരവ്. മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും നിർദേശമുണ്ട്. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.