24 July, 2024 09:19:38 AM


ആമയിഴഞ്ചാൻ തോട്ടിലേക്ക് മദ്യക്കുപ്പിയെറിയുന്നത് വിലക്കിയ കോർപ്പറേഷൻ ജീവനക്കാരെ ആക്രമിച്ചു



തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് മദ്യക്കുപ്പികൾ വലിച്ചെറിയാൻ ശ്രമിച്ചത് തടഞ്ഞതിന് കോർപ്പറേഷൻ ജീവനക്കാർക്കു നേരേ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശ്രീകണ്‌ഠേശ്വരം വാർഡിലെ തുമ്പൂർമൂഴി മാലിന്യസംസ്കരണകേന്ദ്രത്തിലെ ജീവനക്കാരായ രാഹുൽ, രാജീവ് എന്നിവർക്കു നേരേയാണ് ആക്രമണമുണ്ടായത്. തകരപ്പറമ്പിലെ ഒരു കടയിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് വഞ്ചിയൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനുള്ള രാത്രിസ്‌ക്വാഡിന്റെ ഭാഗമായാണ് ജീവനക്കാരെ നിയോഗിച്ചിരുന്നത്.

കുപ്പികൾ വലിച്ചെറിയുന്നത് ചോദ്യം ചെയ്തപ്പോൾ കോർപ്പറേഷൻ ജീവനക്കാരെ പിടിച്ചു തള്ളുകയും ഇവർക്കു നേരേ കുപ്പിയെറിയുകയും ചെയ്തു. കല്ലെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് അക്രമികൾ ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പർ സഹിതമാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ശനിയാഴ്ച രാത്രി ഇതേ കടയിലെ ജീവനക്കാർ മദ്യക്കുപ്പികൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് രാത്രിസ്‌ക്വാഡ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

ആമയിഴഞ്ചാൻ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ വനിതാ സ്‌ക്വാഡുകളടക്കം ഉൾപ്പെടുത്തി രാത്രികാല പരിശോധന കർശനമാക്കിയത്. അക്രമികൾക്കെതിരേ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K