25 July, 2024 11:59:16 AM
തിരുവനന്തപുരം മംഗലപുരത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത്
മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിനെ കണ്ടെത്തി. ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും സ്ഥലത്തെത്തി പരിശോധന നടത്തി.
കാടുപിടിച്ച നിരവധി പ്രദേശങ്ങളുള്ള ക്യാമ്പസിൽ കാട്ടുപന്നികളെ മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ കാട്ടുപോത്തിനെ കാണുന്നത് ആദ്യമായാണ്. പാലോട് വനമേഖലയിൽ നിന്നാണോ കാട്ടുപോത്ത് എത്തിയതെന്നാണ് സംശയം. രണ്ട് ദിവസമായി നാട്ടുകാർക്ക് ഇത്തരമൊരു സംശയം തോന്നിയിരുന്നുവെങ്കിലും ഇന്നലെയാണ് മൊബൈൽ ദൃശ്യമടക്കമുള്ളവ പുറത്ത് വന്നത്. ഡിഎഫ്ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി. രാവിലെ ചാണകവും കാൽ അടയാളവും കണ്ടെത്തിയിരുന്നു. ടെക്നോസിറ്റി ക്യാമ്പസിന് പുറകിൽ ഏക്കറുകളോളം സ്ഥലമാണ് കാട് പിടിച്ച് കിടക്കുന്നത്. അപകടകാരിയല്ല കാട്ടുപോത്തെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം.
കാട്ടുപോത്തിനെ എത്രയും വേഗം പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വിശദമാക്കി. ഇന്ന് തന്നെ പിടികൂടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആവശ്യമെങ്കിൽ മയക്കുവെടി വയ്ക്കുമെന്നും മന്ത്രി വിശദമാക്കി. കാട്ടുപോത്ത് എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തും. ഇതിനായി റൂട്ട് മാപ്പ് തയാറാക്കും. ടെക്നോസിറ്റിയിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി വിശദമാക്കി. പാലോട് വനമേഖലയിൽ നിന്ന് 12 കി.മീ അകലെയാണ് കാട്ടുപോത്തിനെ കണ്ടെത്തിയിട്ടുള്ളത്.
ഇന്ന് രാവിലെ 6.30ഓടെ പിരപ്പൻകോട് ഹാപ്പി ലാൻഡിന് സമീപം കാട്ടുപോത്തിനെ കണ്ടെത്തിയിരുന്നു. പിരപ്പൻകോട് ഹാപ്പി ലാൻഡിന് സമീപമാണ് കാട്ടുപോത്തിനെ കണ്ടത്. കാട്ടുപോത്ത് നിരീക്ഷണത്തിലാണെന്നും ആവശ്യമെങ്കിൽ മയക്കുവെടി വയ്ക്കുമെന്നും നെടുമങ്ങാട് എംഎൽഎയും മന്ത്രിയുമായ ജി.ആർ.അനിൽ പ്രതികരിച്ചു.