26 July, 2024 12:30:48 PM
ചിതറയില്‍ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൊല്ലം: കൊല്ലം ചിതറയില്‍ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സുജിന്‍(27) ആണ് പിടിയിലായത്. നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ് സുജിന്‍. കൊല്ലം ചിതറയില്‍ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി രാത്രി 10 മണിയോടെയാണ് സംഭവം. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്.
എസ്‌ഐ ജഹാംഗീര്‍ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയത്. പിന്നാലെ ചിതറ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തി. സ്ഥിരം വാഹന മോഷ്ടാക്കളാണ് പ്രതികളെന്നും പൊലീസ് സ്ഥിരീകരിച്ചു. രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് കിളിമാനൂരിന് സമീപത്തു നിന്ന് പ്രതികളില്‍ ഒരാളായ സുജിനെ പിടികൂടിയത്.
സുജിന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ സുജിനൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിക്കായി വ്യാപക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. എസ്‌ഐയുടെ വീടാണെന്ന് അറിഞ്ഞല്ല പ്രതികള്‍ ബൈക്ക് മോഷണത്തിന് എത്തിയതെന്നാണ് വിവരം. മോഷ്ടിക്കുന്ന ബൈക്കുകള്‍ തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ച് വില്‍ക്കുന്നതായിരുന്നു പ്രതികളുടെ രീതി.