27 July, 2024 01:00:05 PM
മന്ത്രവാദത്തിന്‍റെ മറവില്‍ ലഹരി കച്ചവടം; 54കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ കച്ചവടം നടത്തി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ വേറ്റിനാട് മാതുശേരിവീട്ടില്‍ സുരേന്ദ്രനെയാണ് (54) ഡാന്‍സാഫ് ടീമും വട്ടപ്പാറ പൊലീസും ചേര്‍ന്ന് പിടികൂടിയത്. വട്ടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂള്‍ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്ന ഇയാള്‍ വേറ്റിനാട് സ്ഥാപിച്ചിരുന്ന മന്ത്രവാദ കേന്ദ്രത്തിന്റെ മറവിലായിരുന്നു ലഹരി ഉല്‍പന്നങ്ങള്‍ വിറ്റിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ വീടിന് പിറകുവശത്ത് ഒളിപ്പിച്ചുവെച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയിരുന്നു. റൂറല്‍ എസ്.പി കിരണ്‍ നാരായണിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമും വട്ടപ്പാറ സി.ഐ ശ്രീജിത്ത്, എസ്.ഐ. ബിനി മോള്‍, സുനില്‍കുമാര്‍, സി.പി.ഒ റെജി, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സജുകുമാര്‍, സതികുമാര്‍, ഉമേഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.