27 July, 2024 06:27:42 PM
കുട്ടികളിലെ ന്യൂറോ അസുഖങ്ങളുടെ ചികിത്സയ്ക്കായി അമൃതയിൽ പ്രത്യേക ബ്രെയിൻ സെന്‍റർ
കൊച്ചി: കുട്ടികളിലെ ന്യൂറോ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ബ്രെയിൻ സെന്റർ ' അമൃത ബ്രെയിൻ സെന്റർ ഫോർ ചിൽഡ്രൻ ' അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. രാജ്യസഭാ എം പി അഡ്വ. ജെബി മേത്തർ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുട്ടികളിൽ വൈറസ് രോഗങ്ങൾ കൂടുതലായി കണ്ടുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്കായുള്ള പ്രത്യേക ചികിത്സാ സെന്ററുകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ജെബി മേത്തർ പറഞ്ഞു. സിനിമാതാരം സിജു വിൽസൺ ചടങ്ങിൽ മുഖ്യാതിഥിയായി. സെന്ററിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ വൈസ് പ്രിൻസിപ്പൽ ഡോ. എ ആനന്ദ് കുമാർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ പി വിനയൻ, ഡോ. സുഹാസ് ഉദയകുമാരൻ, ഡോ. അശോക് പിള്ള, ഡോ. വൈശാഖ് ആനന്ദ്, എസ്. എ. രേഷ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അമൃതയിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു. പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് ന്യൂറോ സർജറി, ചൈൽഡ് സൈക്യാട്രി, നിയോനെറ്റൽ ന്യൂറോളജി, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ തുടങ്ങിയ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ സേവനം പുതിയ ബ്രെയിൻ സെന്ററിൽ ലഭ്യമായിരിക്കും.
കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോ സംബന്ധമായ വൈകല്യങ്ങളായ അപസ്മാരം, സ്‌ട്രോക്, സ്ലീപ് ഡിസോർഡേഴ്‌സ്, ന്യൂറോമസ്‌കുലർ ഡിസോർഡേഴ്‌സ്, ബിഹേവിയറൽ ഡിസോഡേഴ്‌സ്, പഠനവൈകല്യങ്ങൾ എന്നിവയ്ക്കുള്ള വിഗദ്ധ ചികിത്സ ഇവിടെ ലഭ്യമാണ്.