27 July, 2024 06:31:42 PM


പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന

സ്വന്തം ലേഖകന്‍



പാലക്കാട്: പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ അനുമതി തേടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. കനത്ത മഴയില്‍ വീട് തകര്‍ന്ന കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മിച്ച് നല്‍കുന്നത് സംബന്ധിച്ച് പി.മമ്മിക്കുട്ടി എം.എല്‍.എ വെച്ച നിര്‍ദേശത്തെ തുടര്‍ന്നാണിത്. മഴക്കാലത്ത് പുഴയിലും വെള്ളച്ചാട്ടങ്ങളിലും വീണ് അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ല കല്കടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, വനം വകുപ്പ്, ജലസേചന വകുപ്പ് എന്നിവ ആവശ്യമായ മുന്‍കരുതലെടുക്കണം.

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മുറിച്ചുമാറ്റുന്ന മരത്തിന്റെ വാലുവേഷന്‍ സംബന്ധിച്ച് പ്രയാസങ്ങള്‍ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് യോഗം തീരുമാനിച്ചു. പി.ഡബ്ല്യു.ഡി ഉദ്യാഗസ്ഥര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യണമെന്ന് കെ.ബാബു എം.എല്‍.എ അവശ്യപ്പെട്ടു.

മാലിന്യമുക്ത നവകേരളം ക്യാമ്പെയിനുകീഴില്‍ തദ്ദേശസ്ഥാപനങ്ങള്‍ പൊതുഇടങ്ങള്‍ മാലിന്യമുക്തവും ഹരിതാഭമാവുമാക്കും. ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനൊപ്പം ഗ്രേഡിങും ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവ ഹരിതഓഫീസുകളും സ്‌കൂളുകളുമാക്കി മാറ്റും. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതില്‍ ഗണ്യമായ കുറവുവരുത്താനായതില്‍ നവകേരള മിഷനെ കലക്ടര്‍ അഭിനന്ദിച്ചു. മഴക്കെടുതികളുണ്ടാകുമ്പോഴും വെള്ളക്കെട്ടുകളിലെ അപകടങ്ങളിലും മാതൃകാപരമായ രീതിയില്‍ ഇടപെട്ട അഗ്‌നിരക്ഷാ സേനയെയും യോഗം അഭിനന്ദിച്ചു.

അട്ടപ്പാടിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണ് നിലവിലത്തേതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗര്‍ഭിണികളുടെ കൃത്യമായ പരിചരണം, പോഷകാഹാരം, പരിശോധനകള്‍ എന്നിവ ഉറപ്പാക്കുന്നതില്‍ സബ് കലക്ടര്‍, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ, ഐ.ടി.ഡി.പി ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഇടപെടലുകളെ ജില്ല കലക്ടര്‍ അഭിനന്ദിച്ചു. പ്രദേശത്ത് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.

വാളയാര്‍ ഡാമില്‍ നിന്ന് കോരിയ മണ്ണും മണലും കൂട്ടിയിട്ടിരിക്കുന്നത് മഴയില്‍ തിരികെ ഡാമിലേക്ക് തന്നെ ഒലിച്ചിറങ്ങുംമുമ്പ് ലേലം ചെയ്യണമെന്ന് എ.പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താത്തത് സംബന്ധിച്ച കെ.പ്രേംകുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്താനും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ രേഖപ്പെടുത്താനും ആരോഗ്യ, പൊലീസ് വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടും ബ്ലഡ് ബാങ്ക് ആരംഭിക്കാത്ത വിഷയത്തില്‍ സമീപ ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് പാത്തോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന്റെ സാധ്യത അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. ലക്ഷംവീട് ഒറ്റവീടാക്കുന്ന പദ്ധതിയില്‍ ഇരുവീടുകളും ഒരുമിച്ച് പുനര്‍നിര്‍മിക്കുന്നതിന് അനുമതി ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ സാധ്യമായത് ചെയ്യുന്നതിന് തദ്ദേശ വകുപ്പിന് നിര്‍ദേശം നല്‍കി. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനും തീരുമാനിച്ചു.

പാലക്കാട് സിവില്‍ സ്റ്റേഷനിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനായി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് സമീപത്തെ സ്ഥലം കെ.എസ്.ഇ.ബിക്ക് പാട്ടത്തിന് കൊടുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോടും കെ.എസ്.ഇ.ബിയോടും ആവശ്യപ്പെട്ടു. കിഴക്കഞ്ചേരി പാലക്കുഴി - പാല കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കുഴി യൂണിറ്റില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്നതാണ് ഉചിതമെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയതായി കെ.ഡി.പ്രസേനന്‍ എം.എല്‍.എയുടെ ചോദ്യത്തിന് ആര്‍.ടി.ഒ മറുപടി നല്‍കി.                                                                                                                                                                            
യോഗത്തില്‍ എം.എല്‍.എമാരായ പി.മമ്മിക്കുട്ടി, എ.പ്രഭാകരന്‍, കെ.ബാബു, കെ.ഡി.പ്രസേനന്‍, കെ.പ്രേംകുമാര്‍, എന്‍.ഷംസുദ്ദീന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ്ബാബു, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, സബ് കലക്ടര്‍ മിഥുന്‍ പ്രേംരാജ്, എ.ഡി.എം സി.ബിജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ.ശ്രീലത, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953