29 July, 2024 03:28:01 PM
പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽ. രോഗബാധിതയായ അമ്മ മരിച്ച സങ്കടത്തിൽ മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കോട്ടായി സ്വദേശി ചിന്നയ്ക്ക് 5 മക്കളാണുള്ളത്. ഇതിൽ അഞ്ചാമത്തെ മകനാണ് ഗുരുവായൂരപ്പൻ. അമ്മയും മകനും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ നാലഞ്ച് ദിവസമായി ചിന്നയ്ക്ക് പനിയായിരുന്നു. ആശുപത്രിയിൽ മരുന്നും വാങ്ങിയിരുന്നു. ഇന്നലെ രാത്രി 10 മണി വരെ ചിന്നയുമായി അയൽവാസികൾ സംസാരിച്ചിരുന്നു.
ഇന്ന് രാവിലെയാണ് തൊട്ടടുത്തുള്ള പറമ്പിൽ ഗുരുവായൂരപ്പനെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. പിന്നീട് വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്. അമ്മയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മ മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. 45കാരനായ ഗുരുവായൂരപ്പൻ അവിവാഹിതനാണ്.