29 July, 2024 06:00:18 PM
പാലക്കാട് മെഡിക്കല്‍ കോളജിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും - മന്ത്രി ഒ.ആര്‍.കേളു
പാലക്കാട്: മെഡിക്കല്‍ കോളെജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനു ആവശ്യമായ ഇടപെടലുണ്ടാകുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടേയും പദ്ധതികളുടേയും ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളെജില്‍ ഐ.പി, ഓപ്പറേഷന്‍ തിയ്യറ്റര്‍ എന്നിവ തുടങ്ങുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രാഥമിക പഠനം നടത്തും. നിലവില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ്ങ് കോളേജില്‍ പട്ടികജാതി സംവരണം പൊതുകോളെജുകള്‍ക്ക് സമാനമാണ്. ഈ വിഷയത്തില്‍ സാധ്യമായ കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗക്കാരുടെ ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യു മന്ത്രിയുമായി ചര്‍ച്ച നടത്തി. റവന്യു ഉദ്യോഗസ്ഥരെയും കിര്‍ത്താഡ്‌സിനെയും ഉള്‍പ്പെടുത്തി ഉടന്‍ യോഗം ചേരും. അട്ടപ്പാടിയില്‍ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തരത്തില്‍ മില്ലറ്റ് ഗ്രാമം പദ്ധതി വിപുലീകരിക്കും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തും. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ ചിലയിടത്ത് കുട്ടികള്‍ കൂടുതലും ചിലയിടത്ത് കുറവുമാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ ക്രമീകരണം നടത്തും. ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറും. കണ്ണമ്പ്ര ക്രാഫ്റ്റ് വില്ലേജ്, കെല്‍പാം റൈസ് മില്‍, നെന്മാറ കാര്‍ഷിക കോളെജ് തുടങ്ങിയവ ആരംഭിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക യോഗം ചേരും.
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പുകളുടെ പദ്ധതി പുരോഗതി എല്ലാ മാസവും ഓണ്‍ലൈനായി അവലോകനം ചെയ്യും. പ്രകൃതിദുരന്തങ്ങളില്‍ വീട് തകരുന്ന ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗ്രാമസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കണ്ടെത്തി ഹോസ്റ്റലുകളിലെത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി കാര്‍ഷിക പരിശീലനങ്ങള്‍ നല്‍കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കാവശ്യമായ ഭൂമി ലഭ്യമാണ്. പ്രിസിഷന്‍ ഫാമിങ്ങിന് സൗകര്യമുണ്ട്. എന്നാല്‍ ആവശ്യമായ പരിശീലനം ലഭ്യമാകുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് കൃഷിയിലും വ്യവസായ മേഖലയിലും സ്‌കില്‍ ഡെവലപ്പമെന്റ് പരിശീലനം നല്‍കി സ്ഥിരമായ വരുമാനം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിലവില്‍ നവീകരിച്ച പട്ടാമ്പി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിടം പട്ടികജാതി വിഭാഗങ്ങളുടെ മത്സരപരീക്ഷാ പരിശീലനത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം ഇത് സംബന്ധിച്ച സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എസ്.സി ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
പറമ്പിക്കുളത്ത് ആദിവാസി മേഖലയില്‍ ജനസംഖ്യാനുപാതികമായി ഭൂമിവിതരണം നടത്തണമെന്നും പട്ടികജാതി നഗറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ച സ്ഥലം വനം വകുപ്പില്‍ നിന്ന് ലഭ്യമാക്കുന്നതിന് ഇടപെടണമെന്നും കെ.ബാബു എം.എല്‍.എയും അംബേദ്കര്‍ സമഗ്ര വികസന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ പേര്‍ക്ക് ഗുണം ലഭിക്കണമെന്ന് കെ.ഡി.പ്രസേനന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. എസ്.സി പ്രമോട്ടര്‍മാരെ ജനസംഖ്യാനുപാതത്തില്‍ നിയമിക്കണമെന്ന് പി.മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ചെര്‍പ്പുളശ്ശേരി കോട്ടക്കുന്ന് എസ്.സി നഗറില്‍ കുന്നിടിയുന്നത് പതിവായതിനാല്‍ ഇവിടത്തെ കുടുംബങ്ങളെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു പൊറാട്ടുനാടകം പോലുള്ള കലാരൂപങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രം വേണമെന്ന് അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണമ്പ്രയിലെ കമ്മ്യൂണിറ്റി കോളെജും വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്ന് പി.പി.സുമോദ് എം.എല്‍.എ ആവശ്യപ്പെട്ടു. കോളെജിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ പുതിയ കെട്ടിടത്തില്‍ അധ്യയനം ആരംഭിക്കാന്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാവാഹിനി പദ്ധതി എയ്ഡഡ് സ്‌കൂളുകളില്‍ കൂടി വ്യാപിപ്പിക്കണമെന്നും കോട്ടത്തറ വലയാര്‍ കോളനിയിലെ മലവേടന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തില്‍ ഇടപെടണമെന്നും അട്ടപ്പാടിയില്‍ അഗ്‌നിരക്ഷാ സേന ഓഫീസ് അനുവദിക്കണമെന്നും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. എസ്.സി പ്രമോട്ടര്‍മാര്‍ വഴി നടത്തുന്ന സര്‍വേയുടെ സങ്കീര്‍ണ്ണത ഒഴിവാക്കണമെന്ന് കെ.പ്രേംകുമാര്‍ എം.എല്‍.എയും പുതുശ്ശേരി ചാവടിപ്പാറയില്‍ പാലവും റോഡും അനുവദിക്കണമെന്നും ആനശല്യം ഒഴിവാക്കാന്‍ ഹാങിങ് ഫെന്‍സിങ് അനുവദിക്കണമെന്നും എ.പ്രഭാകരന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍, പ്രീമെട്രിക് - പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ അടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി- പട്ടികവര്‍ഗ നഗറുകളുടെ നവീകരണം, ജീവനക്കാരുടെ ക്രമീകരണം, തസ്തിക അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
എം.എല്‍.എമാരായ കെ.ബാബു, കെ. ഡി. പ്രസേനന്‍, കെ.പ്രേംകുമാര്‍, കെ.ശാന്തകുമാരി, എ.പ്രഭാകരന്‍, പി.പി.സുമോദ്, പി.മമ്മിക്കുട്ടി, എന്‍.ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍, ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണു രാജ്, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, സബ് കലക്ടര്‍ മിഥുന്‍ പ്രേംരാജ്, അസി. കലക്ടര്‍ ഡോ.എസ്.മോഹനപ്രിയ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു