30 July, 2024 09:07:45 AM


പാലക്കാട് ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം; വെള്ളച്ചാട്ടങ്ങളിലേക്ക് പ്രവേശന വിലക്ക്



പാലക്കാട്: പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി. ഇന്ന് പാലക്കാട് ജില്ലയില്‍ തീവ്രമഴ മുന്നറിപ്പാണുള്ളത്.

കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകള്‍ക്ക് ഇന്ന് മുതല്‍ 02.08.2024 വരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം ഇന്ന് മുതല്‍ 02.08.2024 വരെ പൂര്‍ണമായും നിരോധിച്ചതായും ജില്ല കലക്ടര്‍ അറിയിച്ചു.

അതേസമയം പാലക്കാട് ഗായത്രി പുഴയിലെയും മംഗലം പുഴയിലെയും വിവിധ പാലങ്ങള്‍ മുങ്ങി.ഗായത്രി പുഴയിലെ വെങ്ങന്നൂര്‍, പത്തനാപുരം, എടാംപറമ്പ് തുടങ്ങിയ തുടങ്ങിയ പാലങ്ങളാണ് മുങ്ങിയത്.മംഗലം പുഴയില്‍ കല്ലാനക്കരയും വെള്ളത്തിനടിയിലായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K