30 July, 2024 09:32:48 AM


കനത്ത മഴ: ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിൻ ​ഗതാ​ഗതം നിർത്തിവെച്ചു



പാലക്കാട്: സംസ്ഥാത്തിന്റെ പല ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. വീഴ്മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളം കുത്തിയൊഴുകി അണയ്ക്കപ്പാറയില്‍ ദേശീയപാത റോഡ് മുങ്ങി ഗതാഗത തടസ്സമുണ്ടായി. മംഗലം ഗോവിന്ദാപുരം പാതയില്‍ ചിറ്റിലഞ്ചേരിക്ക് സമീപം വലിയ വെള്ളക്കെട്ടുണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള ബസ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള യാത്രകള്‍ക്ക് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ (ജൂലൈ 30 മുതല്‍ ആഗസ്ത് 2 വരെ) നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ അറിയിച്ചു.അടപ്പാടി, നെല്ലിയാമ്പതി എന്നിവടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനവും ആഗസ്ത് രണ്ട് വരെ പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.

വയനാട്ടിലെ മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ വേണ്ടിയാണിത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950