31 July, 2024 10:40:30 AM
കാട്ടാക്കടയിൽ ആരാധനാലയങ്ങളിൽ ഉൾപ്പടെ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം : കാട്ടാക്കടയിൽ ആരാധനാലയങ്ങളിൽ ഉൾപ്പടെ മോഷണം. കാണിക്കയായി ശേഖരിച്ചിരുന്ന പണം കവർന്നു .ചന്തയിലെ പെട്ടികടയിലെ സിഗററ്റും കുടിവെള്ളവും ഉൾപ്പെടെ മോഷ്ടാവ് കൊണ്ടുപോയി. വെട്ടുകത്തിയുമായാണ് മോഷ്ടാവ് എത്തിയത്. കാട്ടാക്കടയിൽ ആരാധനാലയങ്ങളിലൂം പൊതു ചന്തയിലും ഉൾപ്പടെ മോഷണം നടന്നു. ചൊവാഴ്ച പുലർച്ചെയോടെയാണ് മോഷണമെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച രാത്രിയിൽ നട അടച്ചു പോയ ശേഷം ചൊവാഴ്ച വൈകുന്നേരം ഏഴു മണിയോടെ കാട്ടാക്കട എസ്.എൻ.ഡി.പി 803 നമ്പർ ശാഖയിൽ പൂജാരിയും വൈസ് പ്രസിഡന്റുമായ വിക്രമൻ വൈകുന്നേരം നട തുറക്കാൻ എത്തിയപ്പോഴാണ് ഗുരുദേവന്റെ മുന്നിലെ വാതിൽ തുറന്നു കിടക്കുന്നത് കാണുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ ഇവിടെ ഉണ്ടായിരുന്ന കാണിക്ക കുടം നഷ്ടപ്പെട്ടതായി കണ്ടെത്തി. തൊട്ടടുത്ത് വീടിൽ നിന്നും സിസിടിവി ദൃശ്യം പരിശോധിച്ചതിൽ വെട്ടുകത്തിയുമായി കള്ളൻ ഗുരുമന്ദിരത്തിന്റെ മതിൽ ചാടി കടക്കുന്നത് ഉൾപ്പെടെ ദൃശ്യങ്ങൾ കണ്ടെത്തി.
ഗുരുമന്ദിരത്തിന് 200 മീറ്റർ മാറി കാട്ടാക്കട മുസ്ലിം ജമാഅത്ത് നമസ്കാര പള്ളിയിലെ കാണിക്ക വഞ്ചിയിലും കള്ളൻ പൂട്ടു പൊട്ടിച്ചു പണം കവർന്നു. ഗുരു മന്ദിരത്തിൽ നിന്നും 50 മീറ്റർ മാറി കാട്ടാക്കട പൊതു ചന്തയിലെ കുടുംബശ്രീയുടെ ചന്ത പിരിവ് മുറിയില് പൂട്ടു പൊളിച്ചു കയറിയും കള്ളൻ പരിശോധന നടത്തിയിട്ടുണ്ട്. ചന്തക്കുള്ളിലെ കൃഷ്ണൻ കുട്ടിയുടെ തട്ടുകടയിൽ പൂട്ടു തല്ലി തകർത്തു ഇവിടെ നിന്നും സിഗരറ്റുകളും കുടിവെള്ളവും പണവും ഉൾപ്പെടെ കള്ളൻ കൊണ്ട് പോയിട്ടുണ്ട്.
മൂന്നിടത്തും എത്ര തുക നഷ്ടമായി എന്ന് വ്യക്തമല്ല. കാട്ടാക്കട പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബാങ്കും ,പോസ്റ്റ് ഓഫീസ്, സി.എസ്.ഐ പള്ളി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മോഷണം നടന്നത്. മാസങ്ങൾക്ക് മുൻപാണ് ഗുരുമന്ധിരത്തിനു അടുത്ത് ചന്തക്ക് എതിർ വശത്ത് കാട്ടാക്കട പോസ്റ് ഓഫീസിൽ കള്ളൻ കയറിയത്.