07 August, 2024 08:55:47 PM


മഹാരാഷ്ട്രയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരിൽ ഗർഭിണികളും



ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനയിൽ 68 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളിൽ നാല് പേർ മരിച്ചു. അറുപത്തെട്ടിനും എൺപതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിൻറെ സ്ഥരീകരണം. വൈറസ് സ്ഥിരീകരിച്ച 68 പേരിൽ 26 പേർ ഗർഭിണികളാണ്. എല്ലാവരും ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

രോഗം പടരുന്ന പശ്ചാത്തലത്തിൽ പൂനെയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ ജൂൺ ആവസാനം മുതലാണ് മഹാരാഷ്ട്രയിൽ സിക്ക വൈറസ് സ്ഥിരീകരിച്ച് തുടങ്ങുന്നത്. ഡെങ്കി, ചിക്കുൻ‌ ഗുനിയ തുടങ്ങിയവ‌ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ്. പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു. പനി, ശരീരത്തിൽ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K