12 August, 2024 09:30:06 AM
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനി ശരണ്യയ്ക്കാണ് (24) രോഗം കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണു ലഭിച്ചത്.അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞു.
നെയ്യാറ്റിൻകര കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെയാണ് ജില്ലയിൽ മൂന്നാമതൊരു സ്ഥലത്തും രോഗബാധ സ്ഥിരീകരിക്കുന്നത്.ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടെയാണ് രോഗികൾക്ക് നൽകുന്നത്.